ഏകദേശം അറുപത്ത് വർഷങ്ങൾക്ക് മുൻപ് കമ്പിൽ പ്രദേശം കൈത്തറിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കമ്പിൽ തെരുവും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മീൻകടവ് പ്രദേശവും ഉൾപ്പെട്ടതായിരുന്നു. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ വളരെയേറെ പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു. കുടുംബത്തിലെ മുഴുവൻപേരും ചേർന്ന് കിട്ടുന്ന തൊഴിൽ ചെയ്‌താലും ഭക്ഷണത്തിന് പോലും വരുമാനം തികയാത്ത കാലത്ത് തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് സ്വപ്നം മാത്രമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭ്യമായ കുറച്ച് പേര് നാട്ടിലുണ്ടായിരുന്നു. അതിനെക്കാളേറെ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി സംഘടിക്കാനും പ്രവർത്തിക്കാനും ആരംഭിച്ചതും നാട്ടിൻ്റെ പൊതുവായ മാറ്റങ്ങൾക്കുവേണ്ടി കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ട് പൊതുരാഷ്ട്രീയത്തിൽ ഉയർന്നുവന്ന സ: ചടയൻ ഗോവിന്ദനും അദ്ധ്യാപകനായി ജോലി ചെയ്യവെ അദ്ധ്യാപകരെ സംഘടിപ്പിച്ചുകൊണ്ട് ക്ഷേത്രപ്രവേശനത്തിന് വേണ്ടി സമരം നടത്തി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി ഉയർന്നുവന്ന ടി.സി.നാരായണൻ നമ്പ്യാരുടെയും പ്രവർത്തനങ്ങൾ നമ്മുടെ പ്രദേശത്തും ചലനങ്ങൾ ഉണ്ടാക്കി. എല്ലാ ജാതിയിലും പെട്ടവർക്ക് ഗണപതി മണ്ഡപത്തിൽ കയറാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സമരം നടത്തിയ സ: ചടയൻ ഗോവിന്ദൻ്റെ അമ്മാവനായ അരക്കൻ ശങ്കരൻ എന്നിവരുടെ സമരങ്ങളും പ്രദേശത്തെ ചെറുപ്പക്കാരെ ആകർഷിച്ച ഘടകങ്ങളായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർടിയെ നിരോധിച്ച 1948-51 കാലഘട്ടം കമ്മ്യൂണിസ്റ്റ്കാരെ പോലീസും കോൺഗ്രസ്സിൻറെ സേവാദൾ വളണ്ടിയർമാരും ചേർന്ന് നിരന്തരം വേട്ടയാടുകയും മർദ്ദനം അഴിച്ചുവിടുകയും ചെയ്‌തുവന്നു. നേതാക്കന്മാർ കളിവിൽ താസിച്ചുകൊണ്ട് പ്രവർത്തകർക്ക് ആവേശകരമായി നേതൃത്വം നൽകിയപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട നേതാക്കളെ കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിച്ചത് രാഷ്ട്രീയബോധമുള്ള കമ്പിൽ തെരുവിലെ കൈത്തറി തൊഴിലാളികളായിരുന്നു. തെരുവിലൂടെ തുടർച്ചയായി സഞ്ചരിച്ചുകൊണ്ടിരുന്ന പോലീസിൻ്റെ കണ്ണുവെട്ടിച്ച് നേതാക്കൾക്ക് ഒളിത്താവളം ഒരുക്കി സംരക്ഷിച്ച തെരുവിലെ സംഘബോധവും രാഷ്ട്രീയ ബോധവുമുള്ള തൊഴിലാളികളുടെ ധീരത ഇന്നോർക്കാൻപോലും സാധിക്കുന്നതല്ല. നിരോധനം ലംഘിച്ചുകൊണ്ട് പ്രവർത്തകരെ സംഘടിപ്പിക്കാനും പഠിപ്പിക്കാനും എ.കെ.ജി. അടക്കമുള്ള നേതാക്കൾ കേരളത്തിലെ മുക്കിലും മൂലയിലും പ്രത്യക്ഷപ്പെടുകയും പ്രസംഗിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അപ്പോഴേക്കും സ: ചടയൻ പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തകനായി മാറിയിരുന്നു. ക്രമേണ കമ്പിൽ പ്രദേശം ഒരു രാഷ്ട്രീയ കേന്ദ്രമായി വളർന്നുവരാൻ തുടങ്ങി. പറശ്ശിനിക്കടവ്, കൊളച്ചേരി, ചേലേരി, അരിമ്പ്ര, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ പ്രദേശങ്ങളിലുള്ളവർ രാഷ്ട്രീയപ്രസംഗങ്ങൾ കേൾക്കാൻ ഒത്തുകൂടുന്നത് പതിവായി വന്നു. എ.കെ.ജി. കണ്ണൂരിൽ പ്രസംഗിച്ചാൽ തൊട്ടടുത്ത ദിവസം പ്രസംഗിച്ചിരുന്നത് കമ്പിലായിരുന്നു.
48 വർഷങ്ങൾക്ക് മുൻപ് കമ്പിൽ പ്രദേശത്ത് രൂപീകരിക്കപ്പെട്ട യുത്ത് ഫെഡറേഷൻ്റെ ഓഫീസ് ഉൽഘാടനവേളയിൽ സ: എ.കെ.ജിയാണ് രാഷ്ട്രീയ പ്രബുദ്ധമായ കമ്പിൽ പ്രദേശത്ത് വായനശാലയും ഗ്രന്ഥശാലയും ഇല്ലാത്തതിൻ്റെ കുറവ് ചൂണ്ടിക്കാട്ടിയത്. ഈ കുറവ് പരിഹരിക്കുന്നതിന് സ: ചടയനടക്കമുള്ള ഒരു ഡസനോളം പ്രവർത്തകർ ചേർന്ന് വായനശാല ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതിനെതുടർന്നാണ് ഇന്ന് നാം കാണുന്ന വായനശാലയും ഗ്രന്ഥാലയവും സ്ഥാപിക്കപ്പെട്ടത്. അതിന്റെ ആദ്യ പ്രസിഡന്റ് പി.പി.ഗോവിന്ദൻ വൈദ്യരും സിക്രട്ടറി സി.കൃഷ്‌ണനുമായിരുന്നു.
രാജ്യത്തെ വാർത്തകൾ അറിയാൻ യാതൊരു വഴിയുമില്ലാതിരുന്നകാലം, പത്രം വാങ്ങി വായിക്കാൻ ശേഷിയില്ലാത്ത ജനങ്ങൾ, വീടുകളിൽ റേഡിയോ ഇല്ലാതിരുന്ന കാലം, യാത്ര ചെയ്ത് വരുന്നവരിൽ നിന്നും കിട്ടുന്ന വിവരങ്ങൾ മാത്രം അറിവായിരുന്ന കാലം. അക്കാലത്താണ് കൂട്ടായ്മയിലൂടെ പത്രം വരുത്താൻ ആലോചനനടത്തിയതും മറ്റുള്ളവർക്കുകൂടി അിറവ് എത്തിക്കാൻ വായനശാല തുടങ്ങുന്നതിനും എല്ലാ വിഭാഗത്തിലും ഉള്ളവർ ഒത്തുചേർന്ന് വായനശാല കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതും. വാടകകെട്ടിടത്തിൽ ആരംഭിച്ച വായനശാലയിൽ അന്നത്തെ ചെറുപ്പക്കാരുടെ ശ്രമഫലമായി ദേശാഭിമാനി, മാത്യഭൂമി, മനോരമ പത്രങ്ങളും ചില വാരികയും മാത്രമാണ് ഉണ്ടായിരുന്നത്. കുറച്ചുകൂടി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി കൂടുതൽ പത്രങ്ങൾ വരുത്തിത്തുടങ്ങി. പത്രങ്ങളിലൂടെയുള്ള വിവരങ്ങൾ മാത്രം അറിഞ്ഞാൽപോര എന്നും ഒരു പ്രദേശത്തിൻ്റെ വളർച്ചയ്ക്ക് അടിസ്ഥാനവിദ്യാഭ്യാസം ആവശ്യമാണെന്നുമുള്ള ബോദ്ധ്യത്തെത്തുടർന്ന് ഗ്രന്ഥശാലയായി വളർത്തണമെന്ന ചിന്ത ശക്തമായിവന്നതിനെത്തുടർന്ന് ഈ പ്രദേശത്തെ പുസ്‌തകം വാങ്ങിക്കുന്നവരുടെ വീടുകളിൽ കയറി പുസ്‌തകം ശേഖരിക്കുന്നതിന് തീരുമാനിക്കുകയും പുസ്‌തകശേഖരണം നടത്തുകയും ചെയ്‌തുകൊണ്ടാണ് ഗ്രന്ഥശാല പ്രവർത്തനം ആരംഭിക്കുന്നത്. എ.കെ.ജിയും നായനാരും ടി.സി.നാരായണൻ നമ്പ്യാരും പുസ്‌തകങ്ങൾ നൽകിയവരിൽ പ്രമുഖരായിരുന്നു. പുസ്‌തകം സൂക്ഷിക്കാനുള്ള അലമാരയും പുസ്‌തക വിതരണത്തിന് വേണ്ടിയുള്ള സംവിധാനവും എല്ലാം അന്നത്തെ ചെറുപ്പക്കാരുടെ കഠിനപ്രയത്നത്തിൻ്റെ ഫലമായിരുന്നു.
വിദ്യാഭ്യാസമില്ലാതിരുന്ന ചെറുപ്പക്കാർക്ക് കൂടി വായനസാധിക്കണമെങ്കിൽ അവരെ എഴുതുവാനും വായിക്കാനും പഠിപ്പിക്കേണ്ടത് അനിവാര്യമായി വന്നപ്പോൾ കിട്ടാവുന്ന സമയം ഉപയോഗിച്ച് സ്കൂൾ വിദ്യാഭ്യാസം ലഭിച്ചവരുടെ സേവനം ഉപയോഗപ്പെടുത്തി വയോജന ക്ലാസ്സുകൾ നടത്തുകയും നിരവധി പേരെ എഴുതുവാനും വായിക്കുവാനും പഠിപ്പിച്ച് ഗ്രന്ഥാലയത്തിലെ പത്രമാസികകൾ വായിപ്പിക്കാനും തുടർന്ന് ഗ്രനാഥാലയത്തിലെ പുസ്‌തകങ്ങൾ വായിക്കാനും അവരെ പ്രാപ്തരാക്കി.
പഴയ വാടകകെട്ടിടത്തിലെ റേഡിയോ വാർത്തകൾ കേൾക്കുന്നതിന് ആളുകൾക്ക് സൗകര്യം ഉണ്ടാക്കിയത് മറക്കാനാവുന്നതല്ല. രാവിലെയും ഉച്ചക്കും വൈകുന്നേരവും പ്രാദേശിക വാർത്തകൾ കേൾക്കാൻ ആളുകൾ ഒത്തുകൂടുന്നത് പതിവ് കാഴ്‌ചയായിരുന്നു.
ദൈനംദിനപ്രവർത്തനങ്ങൾ നടത്താനുള്ള ചിലവുകളും പുസ്‌തകത്തിനുള്ള സംഖ്യയുമെല്ലാം സംഭാവനയിലൂടെയാണ് സ്വരൂപിച്ചിരുന്നത്. തുടർപ്രവർത്തനം നടക്കണമെങ്കിൽ സംഭാവനകൊണ്ടുമാത്രം മതിയാകാതെ വന്നപ്പോഴാണ് ഗ്രന്ഥശാലാസംഘത്തിൽ രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഗ്രന്ഥശാല സംഘത്തിൻ്റെ നിബന്ധനകൾ പാലിക്കാൻ തയ്യാറായെങ്കിലും ചിലരുടെ ഇടപെടൽ കാരണം അംഗീകാരം ലഭിക്കുന്നതിന് കുറെയേറെ പ്രയാസങ്ങൾ നേരിടേണ്ടിവന്നിരുന്നു. എങ്കിലും ഗ്രന്ഥശാല സംഘത്തിൽ അഫിലിയേറ്റ് ചെയ്യാൻ സാധിച്ചു.
തുടർന്ന് പുസ്‌തകങ്ങൾ വാങ്ങുന്നതിന് നാമമാത്രമായ ഗ്രാൻ്റ് ലഭിച്ചുവന്നു. ഗ്രാൻ്റ് വക വാങ്ങിക്കുന്ന പുസ്‌തകങ്ങൾക്ക് പുറമെ കുറെക്കൂടി പുസ്‌തകങ്ങൾ വീടുകളിൽ കയറിയിറങ്ങി ശേഖരിക്കുകയായിരുന്നു. അടിയന്തിരാവസ്ഥ കാലഘട്ടം നമ്മുടെ ഗ്രന്ഥാലയത്തിന് നേരെ ഭീഷണി മുഴക്കി നിരന്തരം വേട്ടയാടപ്പെട്ടു. ഇതിനേയെല്ലാം സധൈര്യം നേരിട്ടുമുന്നോട്ടുപോയ ചരിത്രമാണ് നമ്മുടേത്.
തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലാസംഘത്തെ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ മുന്നോട്ട് പോയപ്പോൾ ജില്ലാതലത്തിലും, താലുക്ക് തലത്തിലും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നതിൽ നമ്മുടെ ഗ്രന്ഥശാലാ പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.
ഭീഷണികളും അക്രമങ്ങളും തുടർന്നുവന്ന ഘട്ടത്തിൽ വളർന്നുവരുന്ന ഗ്രന്ഥശാലയിൽ ലഭ്യമായ എല്ലാ പുസ്‌തകങ്ങളും സൂക്ഷിക്കാൻ സൗകര്യം കുറഞ്ഞപ്പോൾ സൗകര്യപ്രദമായ സ്വന്തം കെട്ടിടം വേണമെന്ന ആശയം ശക്തമായി. ഇതിൻ്റെ ഫലമായി വാടകക്ക് പ്രവർത്തിച്ചുവന്ന കെട്ടിടത്തിൻ്റെ മുന്നിൽ തന്നെ റോഡരികിൽ രണ്ട് സെൻ്റ് സ്ഥലം വിലകൊടുത്തുവാങ്ങുകയും സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. ഗ്രന്ഥശാല സംഘത്തിന്റെ ഗ്രാൻ്റോടുകൂടിയാണ് കെട്ടിടനിർമ്മാണം ആരംഭിച്ചത്. ആവശ്യമായിവരുന്ന ചിലവിൻ്റെ 20% സംഖ്യയാണ് ഗ്രാൻ്റ്. ബാക്കിവരുന്ന 80% ചിലവ് സംഭാവനയായും അദ്ധ്വാനത്തിലൂടെയുമാണ് പ്രവർത്തകർ കണ്ടെത്തിയത്. ഒരു ഗ്രാമം മുഴുവൻ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനത്തിന്റെ തെളിവായിരുന്നു, ഇന്നത്തെപ്പോലെ പൈപ്പ് വെള്ളമോ കിണറുകളോ ഇല്ലാതെ വെള്ളത്തിന് ബുദ്ധിമുട്ട് വന്നപ്പോൾ കുറുവൻതെരു ഗണപതി മണ്ഡപത്തിൻ്റെ കുളത്തിൽ നിന്ന് ഗ്രന്ഥശാല പ്രവർത്തകർ നിരന്നുനിന്ന് വെള്ളം കൊണ്ടുവന്നാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. ആദ്യം വായനശാല ഹാളും ഗ്രന്ഥശാലക്കുവേണ്ടി ഒരു മുറിയും മാത്രമാണ് പണിതത്. പിന്നീട് ഒരു മുറികൂടി പണിയുകയും ചടയൻ്റെ സ്‌മരണയ്ക്കായി ഒരു ഹാൾ ഒന്നാം നിലയായി നിർമ്മിക്കുകയും ചെയ്തത് പൂർണ്ണമായും സംഭാവനയായിട്ടായിരുന്നു.
കമ്പിൽ പട്ടണത്തിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന യുവജനവായനശാല ആൻ്റ് ഗ്രന്ഥാലയം നിരവധി തവണ അക്ഷരവൈരികളുടേയും സാമൂഹ്യദ്രോഹികളുടേയും കടുത്ത ആക്രമണത്തിന് വിധേയമായെങ്കിലും പഴയതിലും ശക്തമായി മുന്നോട്ടു പോകാൻ ജനങ്ങളുടെ പിന്തുണയും സഹായവും നിർലോഭം ലഭിച്ചിരുന്നു.
അഭിമാനത്തോടെ പറയട്ടെ പതിനായിരത്തോളം പുസ്‌തകവും നിരവധി ഫർണിച്ചറുകൾ, ടി.വി., റേഡിയോ, കമ്പ്യൂട്ടർ, മൈക്ക് സെറ്റ്, പ്രൊജക്ടർ എന്നിവയെല്ലാം വിവിധ സ്ഥാപനങ്ങൾ വഴി ലഭിച്ചവയുൾപ്പെടെ ഇന്ന് നമുക്ക് സ്വന്തമായിട്ടുണ്ട്. ചെറുപ്പക്കാരുടെ വായനഅൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും പുതിയ വിദ്യാഭ്യാസ രീതികൾ കുട്ടികളെ ഗ്രന്ഥശാലയിലേക്ക് കുടുതൽ ആകർഷിച്ചു വരികയാണ്.
കമ്പിൽ പ്രദേശത്തെ സാംസ്‌കാരിക വളർച്ചയിൽ പ്രമുഖസ്ഥാനം നമുക്ക് ലഭ്യമായത് നാം ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങളാണെന്ന് നമുക്കറിയാം. ചർച്ച ക്ലാസ്സുകൾ, ക്വിസ്സ് പ്രോഗ്രാമുകൾ, സെമിനാറുകൾ, സിമ്പോസിയങ്ങൾ, സംവാദങ്ങൾ, വിവിധ കലാ കായിക മത്സരങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക സദസ്സുകൾ, നൃത്ത വിദ്യാലയം എന്നിവയെല്ലാം നടത്താൻ സാദ്ധ്യമായത് ജനങ്ങളുടെ സഹകരണവും പിന്തുണയുമായിരുന്നു.
ഇന്നും ജനങ്ങളുടെ സഹായ സഹകരണത്തോട് കൂടി അറുപതാം വാർഷിക നിറവിൽ മുന്നേറുന്നു...